Saturday, 2 November 2013

ഭാഷ ..ഇന്നലെ ഇന്ന് നാളെ

ഒരു ജനതയെ ചരിത്രത്തിലും സംസ്‌ക്കാരത്തിലും രേഖപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കാണ്‌ ഭാഷ നിര്‍വ്വഹിക്കുന്നത്‌. 
നൂറു കൊല്ലം കഴിഞ്ഞാല്‍ മലയാളഭാഷ എങ്ങനെയിരിക്കുമെന്ന്‌ ആര്‍ക്കും പ്രവചിക്കാനാവില്ല. കാലം അതിനെ മറ്റൊരു ഭാഷയാക്കി മാറ്റാം. കാരണം, ഇപ്പോള്‍ തന്നെ എത്ര വ്യത്യസ്ഥമായിട്ടാണ്‌ കേരളത്തിലെ ഓരോ പ്രദേശത്തും നാം ഈ ഭാഷ ഉപയോഗിച്ചു വരുന്നത്‌. കാണക്കാണെ എന്തൊക്കെ മാറ്റങ്ങള്‍ വരുന്നു ! ഇനി എന്തൊക്കെ മാറ്റങ്ങള്‍ തലമുറകള്‍ മറിവരുമ്പോള്‍ ഉണ്ടായിക്കൂടാ? മൂല്യവിചാരങ്ങളിലൂടെയും കാലാനുസൃതമായ നവീകരണത്തിലൂടെയുമാണ്‌ ഭാഷയുടെ ജീവനും തനിമയും നിലനില്‍ക്കുന്നത്‌.
മലയാളത്തിന്റെ നന്മകള്‍ എണ്ണിയാല്‍ തീരില്ല. മഹാശയന്മാരും ഗുരുക്കന്മാരും ഈ ഭാഷയുപയോഗിച്ച്‌ നമ്മെ വഴി നടത്തിയിട്ടുണ്ട്‌. കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങിയും കാഞ്ചനകാഞ്ചി കുലുക്കിയും പ്രതിഭാധനന്മാര്‍ നല്‍കിയ നൂറുനൂറു ചന്തങ്ങള്‍ ചാര്‍ത്തിയും അഴക്‌ ഒരുടലാര്‍ന്നതുപോലെയെന്ന്‌ ചങ്ങമ്പുഴ വിശേഷിപ്പിച്ച മലയാള കവിത നമ്മുടെ നെഞ്ചകങ്ങളിലും പൊന്‍ചിലങ്ക കിലുക്കി ചുവടുകള്‍ വെക്കുന്നു.
മാതൃഭാഷാ പഠനത്തോട്‌ പുറംതിരിഞ്ഞു നില്‍ക്കുന്നത്‌ `സ്വന്തം വീട്ടില്‍ പ്രവേശിപ്പിക്കുന്ന അന്യന്‌ അമിത സ്വാതന്ത്ര്യം അനുവദിച്ചാല്‍ നീ അന്യനാകും' എന്ന വേദവാക്യത്തിനു സമമാണ്‌. സ്വദേശവത്‌ക്കരണം സ്വപ്‌നം കണ്ട ഗാന്ധിജിയുടെ നാട്ടില്‍ സായിപ്പിന്റെ ഭാഷയെ അമിതമായി പോഷിപ്പിച്ചതുമൂലമാണ്‌ സ്വന്തം ഭാഷക്ക്‌ ഈ ഗതികേടുണ്ടായതെന്ന സാരം. മുലപ്പാലിനൊപ്പം ആംഗലേയഭാഷയും കുഞ്ഞുങ്ങള്‍ക്ക്‌ പകര്‍ന്നകൊടുക്കുന്ന മലയാളി മാതൃഭാഷ ഉച്ചരിക്കാനുള്ള അവരുടെ അവകാശത്തെ ജന്മനാ കൊല ചെയ്‌തു. ഇതുവഴി സ്വതന്ത്രമായി ചിന്തിക്കാനുള്ള അവന്റെ സര്‍ഗവാസനകളെ ശൈശവ വേളയില്‍ത്തന്നെ ചങ്ങലക്കിടുന്നു. കുഞ്ഞുങ്ങളെ പാരതന്ത്ര്യത്തിന്റെ തടവറയിലാകുന്ന ചൂഷകരുടെ താളത്തിനൊത്തു തുള്ളുന്ന പാവകളായിത്തീരുന്നു നാം.
ജനതയുടെ സ്വത്വത്തിന്റെയും സാംസ്‌കാരിക പാരമ്പര്യത്തിന്റെയും മുഖമുദ്രയായ മാതൃഭാഷയ്‌ക്കു ശ്രേഷ്‌ഠ ഭാഷാപദവി ലഭിക്കുമ്പോള്‍ അഭിമാന പ്രചോദിതരാകാത്തവരില്ല. അത്തരത്തില്‍ മലയാളികളുടെ അന്തരംഗം ഇന്ന്‌ അഭിമാനപൂരിതമായിരിക്കുകയാണ്‌. ഇതിലൂടെ മലയാളത്തിന്റെ സംസ്‌കൃതിയാണ്‌ ആദരിക്കപ്പെട്ടത്‌. മലയാള ഭാഷയ്‌ക്ക്‌ ശ്രേഷ്‌ഠ ഭാഷാ പദവി നല്‍കിക്കൊണ്ട്‌ കേന്ദ്ര മന്ത്രിസഭായോഗം െകെക്കൊണ്ട തീരുമാനത്തിലൂടെ ഭാഷയുടെ മാഹാത്മ്യം അംഗീകരിക്കപ്പെട്ടുവെന്നതല്ല നമുക്കു െകെവന്ന നേട്ടം. മലയാളഭാഷയുടെ പരിപോഷണത്തിനായി വിപുലമായ കേന്ദ്രസഹായമാണു ലഭിക്കുക. മലയാളത്തിനായി ദേശീയ പഠനകേന്ദ്രം ഉണ്ടാകും.
മലയാള ഭാഷയുടെ വളര്‍ച്ചയ്‌ക്കും ഉയര്‍ച്ചയ്‌ക്കും ഈ പദവി ലബ്‌ധിയെ പ്രായോഗികമായി ഉപയോഗിക്കുക എന്നതാണ്‌ ഇനി ചെയ്യേണ്ടത്‌. ഭാഷാ വിദഗ്‌ധരുമായി ആലോചിച്ച്‌ സാംസ്‌കാരിക വകുപ്പ്‌ ആവശ്യമായതെല്ലാം ചെയ്യണം. പദവി ലഭിച്ചതിന്റെ അടിസ്‌ഥാനത്തില്‍ ഭാഷാ വികസനത്തിനും ഗവേഷണത്തിനുമായി നൂറുകോടി രൂപയോളം രൂപ കേന്ദ്രം നല്‍കും. ശ്രേഷ്‌ഠ ഭാഷാ പഠനത്തിനായി മികവിന്റെ കേന്ദ്രം തുടങ്ങാനും സഹായം ലഭിക്കും. സര്‍വകലാശാലകളില്‍ മലയാളം ചെയര്‍ തുടങ്ങും. മലയാള ഭാഷയിലെ ലേഖനങ്ങള്‍ക്കും പഠനത്തിനുമായി പ്രതിവര്‍ഷം രണ്ട്‌ രാജ്യാന്തര പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തും. എല്ലാ മലയാളികള്‍ക്കും എക്കാലവും അഭിമാനിക്കാവുന്ന ഈ നേട്ടം 
ഭാഷയുടെ ഉന്നമനത്തിനും സംസ്‌കൃതിയുടെ ഉത്തേജനത്തിനും ഉപകരിക്കട്ടെ
ലോകത്തിന്റെ സമസ്‌ത സൗന്ദര്യങ്ങളും ഉള്‍ക്കൊണ്ട്‌ പ്രശോഭിക്കുന്ന കേരളീയ സംസ്‌ക്കാരത്തിന്റെ പ്രോജ്ജ്വല പാരമ്പര്യം സംരക്ഷിക്കാന്‍ ഭാഷയുടെ നിലനില്‌പും വളര്‍ച്ചയും അനിവാര്യമാണ്‌.. തലമുറകളെ പ്രകാശത്തിലേക്ക്‌ നയിക്കാന്‍ വിധിക്കപ്പെട്ട ഭാഷയും സംസ്‌ക്കാരവും കൈവിട്ടുപോകുന്നത്‌ നിസ്സംഗതയോടെ നോക്കി നില്‍ക്കാന്‍ നമുക്കാവില്ല. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അസ്‌തമിക്കമെന്ന്‌ കണക്കുകൂട്ടുന്ന ഭാഷകളില്‍ പെട്ടുപോകാതെ നമ്മുടെ പ്രിയ മലയാളത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഓരോ മലയാളിയുടേതുമാണ്‌....

Monday, 21 October 2013

കേരളത്തിലെ വൈദ്യുതി രംഗം ഒറ്റ നോട്ടത്തില്‍


      കേരളത്തിലെ വൈദ്യുതി രംഗം  ഒരു തുറന്നെഴുത്ത് ......
   *****************************************


          ലോകത്തിലെ പ്രധാനപ്പെട്ട ഊര്‍ജ സ്രോതസ്സുകളില്‍ ഒന്നാണ് ജല വൈദ്യുതി. അണക്കെട്ടുകള്‍ നിര്‍മിച്ച് ജലപ്രവാഹം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണ് ചെയ്യുന്നത്.
കടല്‍ തിരമാലകളില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാനും ശ്രമങ്ങള്‍ നടക്കുന്നു. എന്നാല്‍, ഇത് താരതമ്യേന ചെലവ് കൂടിയതാണ്. അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നില്ളെന്നത് ജലവൈദ്യുത നിലയങ്ങളുടെ പ്രചാരണത്തിന് കാരണമാണ്. എന്നാല്‍, വനനശീകരണം ജല വൈദ്യുത നിലയങ്ങളുടെ നിര്‍മാണവേളയില്‍ സംഭവിക്കുന്നു. ചൈനയാണ് ഏറ്റവും കൂടുതല്‍ ജലവൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. അമേരിക്ക, കാനഡ, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങള്‍ അടുത്ത സ്ഥാനത്ത് വരുന്നു.

ജലത്തില്‍ നിന്ന് വൈദ്യുതി
***************************
      അണക്കെട്ടുകളില്‍ ജലം തടഞ്ഞു നിര്‍ത്തി ജലപ്രവാഹത്തിന്‍െറ സഹായത്താലാണ് ജലവൈദ്യുതി നിലയങ്ങളില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്.
ഉയര്‍ന്ന സ്ഥലത്തുനിന്ന് താഴ്ന്ന തലത്തിലേക്ക് ജലം പ്രവഹിക്കുമ്പോള്‍ സ്ഥിതികോര്‍ജം ഗതികോര്‍ജമായി മാറുന്നു. ഈ ഗതികോര്‍ജം ഉപയോഗപ്പെടുത്തി ഒരു ചക്രം തിരിക്കുന്നു. അപ്പോള്‍ യാന്ത്രികോര്‍ജം  ലഭിക്കുന്നു. ഈ തിരിയുന്ന ചക്രത്തോടെ ഒരു ജനറേറ്റര്‍ ഘടിപ്പിച്ച് വൈദ്യുതോര്‍ജം ഉല്‍പാദിപ്പിക്കാം. ഈ തത്ത്വമാണ് ജലവൈദ്യുത പദ്ധതികള്‍ക്ക് ഉപയോഗിക്കുന്നത്.
അണക്കെട്ടില്‍നിന്നു പെന്‍സ്റ്റോക്ക് എന്നറിയപ്പെടുന്ന ഉരുക്ക് കുഴലുകളോ, ടണലോ നിര്‍മിച്ച് വൈദ്യുതോല്‍പാദന കേന്ദ്രങ്ങളിലേക്ക് ജലം പ്രവഹിപ്പിച്ച് ‘ടര്‍ബൈന്‍’ എന്നറിയപ്പെടുന്ന ചക്രങ്ങള്‍ തിരിക്കുന്നു. ടര്‍ബൈന്‍ തിരിയുമ്പോള്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്ന ജനറേറ്റര്‍ പ്രവര്‍ത്തിക്കുകയും വൈദ്യുതി ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. പവര്‍ ഹൗസിലെത്തുന്ന വൈദ്യുതി സ്റ്റെപ് അപ്പ് ട്രാന്‍സ്ഫോര്‍മറുകളുടെ സഹായത്തോടെ പ്രസരണ കമ്പികളിലൂടെ വിതരണം ചെയ്യുന്നു.

കുറ്റ്യാടി ടെയ്ല്‍ റേസ് പദ്ധതി
****************************
മലബാറിലെ വൈദ്യുതി മേഖലക്ക് വളരെ പ്രതീക്ഷ നല്‍കുന്നതാണ് കുറ്റ്യാടി ടെയ്ല്‍ റേസ് പദ്ധതി. വൈദ്യുതി ഉല്‍പാദിപ്പിച്ചശേഷം ഒഴുക്കിക്കളയുന്ന വെള്ളത്തില്‍നിന്ന് ദിവസം 2.50 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. മൂന്ന് ജനറേറ്ററുകളാണ് പദ്ധതിയില്‍ ഉള്ളത്. 2008 ഏപ്രിലോടെ പ്രവര്‍ത്തനസജ്ജമായി.
കുറ്റ്യാടി പദ്ധതിയില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ചതിനുശേഷം ഒഴുക്കിക്കളയുന്ന വെള്ളം 50 മീറ്ററോളം കനാലിലൂടെ കൊണ്ടുവന്ന് 20 മീറ്റര്‍ താഴ്ചയില്‍ പെന്‍സ്റ്റോക്ക് നിര്‍മിച്ചാണ് ടെയ്ല്‍റേസ് പദ്ധതിയില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. 1992-ല്‍ കെ.എസ്.ഇ.ബി ആരംഭിച്ച ഈ പദ്ധതിക്ക് 15 കോടിയോളം രൂപയായിരുന്നു ചെലവ്.
ഭാവിയില്‍ വൈദ്യുതി കല്‍ക്കരിയില്‍നിന്നും
ദീര്‍ഘവീക്ഷണത്തോടെ കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പാദനത്തിന് കേരളം തയാറെടുക്കുകയാണ്. 1000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള കല്‍ക്കരിപ്പാടം ഒറീസയിലെ ബൈതരണിയില്‍ കേരളത്തിന് ലഭിച്ചിട്ടുണ്ട്. ഒഡിഷയും ഗുജറാത്തും ഇതിനോടൊപ്പം സഹകരിക്കുന്നു. മൂന്നു സംസ്ഥാനങ്ങളും കല്‍ക്കരി ഖനനത്തിനായി ധാരണയിലെത്തിയിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന കല്‍ക്കരി ഉപയോഗിച്ച് ഒഡിഷയില്‍ വൈദ്യുത നിലയം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പ്രാരംഭഘട്ടത്തിലാണ്.

കഞ്ചിക്കോട് വിന്‍ഡ് ഫാം
****************************

ചുരം കടന്നെത്തുന്ന പാലക്കാടന്‍ കാറ്റില്‍നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന കഞ്ചിക്കോട് വിന്‍ഡ് ഫാം 1995 നവംബര്‍ 11ന് നിലവില്‍വന്നു. സംസ്ഥാനത്തെ ആദ്യ കാറ്റാടിപ്പാടമാണിത്. കഞ്ചിക്കോട്- മേനോന്‍പാറയിലേക്കുള്ള റോഡില്‍ വൈദ്യുതി സബ് സ്റ്റേഷന് സമീപത്തുള്ള കുന്നിന്‍മുകളിലാണ് വിന്‍ഡ് ഫാം. 80 അടിയോളം ഉയരമുള്ള ഒമ്പത് കാറ്റാടികളാണ് തയാറാക്കിയിട്ടുള്ളത്. ഓരോ കാറ്റാടിയോടനുബന്ധിച്ചും ജനറേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കാറ്റിന്‍െറ ശക്തിയില്‍ കാറ്റാടികള്‍ കറങ്ങുമ്പോള്‍ ഇതോടനുബന്ധിച്ചുള്ള ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കും. ഇങ്ങനെ ഉല്‍പാദിപ്പിക്കപ്പെടുന്ന വൈദ്യുതി സബ് സ്റ്റേഷന്‍ വഴി വിതരണംചെയ്യും. ആറു കോടി കേന്ദ്ര സഹായത്തോടെ ഒമ്പതേകാല്‍ കോടി രൂപ ചെലവിട്ടാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്.

ജലവൈദ്യുതി സ്വകാര്യ മേഖലക്കും
*************************

കേരളത്തില്‍ ജലവൈദ്യുതി ഉല്‍പാദിപ്പിക്കുന്ന രണ്ട് സ്വകാര്യ പദ്ധതികളാണ് മണിയാറും കുത്തുങ്കലും. ഇടുക്കി ജില്ലയിലെ രാജാക്കാട് പഞ്ചായത്തിലാണ് 21 മെഗാവാട്ട് ഉല്‍പാദനശേഷിയുള്ള കുത്തുങ്കല്‍. 12 മെഗാവാട്ട് പത്തനംതിട്ടയിലെ മണിയാറില്‍നിന്നാണ് ഉല്‍പാദിപ്പിക്കുന്നത്.

കേരളത്തിന് ആശ്രയം ജലവൈദ്യുത പദ്ധതികള്‍
***********************************

കേരളത്തില്‍ രാത്രികാലങ്ങളില്‍ ചിലപ്പോള്‍ അരമണിക്കൂര്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുന്ന വിവരം അറിയാമല്ളോ. പ്രതീക്ഷിച്ച മഴ ലഭിക്കാത്ത അവസരങ്ങളിലാണ് ഇത് വേണ്ടിവരുന്നത്. അപ്പോള്‍ കേരളത്തിലെ വൈദ്യുതി ഉല്‍പാദനവും മഴയും തമ്മില്‍ ബന്ധപ്പെട്ടിരിക്കാമെന്ന് ഊഹിക്കാമല്ളോ. നാം വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന പ്രധാന സ്രോതസ്സ് ജലമാണ്.
നമ്മുടെ ഭൂപ്രകൃതിയും ജലസമൃദ്ധിയുമാണ് ജലവൈദ്യുത നിലയങ്ങളെ കൂടുതലായി ആശ്രയിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നത്. നദിയില്‍ അണക്കെട്ട് നിര്‍മിച്ചാണ് വൈദ്യുതി ഉല്‍പാദനം നടത്തുന്നത്. മറ്റുള്ള വൈദ്യുത പദ്ധതിയെക്കാള്‍ ചെലവ് കുറഞ്ഞതെന്നതും ജലവൈദ്യുത പദ്ധതിയെ നമുക്ക് പ്രിയപ്പെട്ടതാക്കുന്നു. പക്ഷേ, മഴ ചതിച്ചാല്‍ നമ്മുടെ നദികളിലെ നീരൊഴുക്ക് കുറയുന്നു. അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നു. ഇത് വൈദ്യുതി ഉല്‍പാദനം കുറയുന്നതിനും കേരളത്തെ ഇരുട്ടിലാക്കാനും ഇടയാവുന്നു.

പ്രാചീന അണക്കെട്ടുകള്‍
**************************

പുരാതന കാലം മുതല്‍ തന്നെ മനുഷ്യന്‍ അണക്കെട്ടുകള്‍ നിര്‍മിച്ചതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കൃഷിക്കും ജലസേചനത്തിനുമൊക്കെയായിരുന്നു അക്കാലത്ത് ജനങ്ങള്‍ അണക്കെട്ടുകള്‍ നിര്‍മിച്ചിരുന്നത്. ഈജിപ്ത് പോലുള്ള രാജ്യങ്ങളില്‍ വെള്ളപ്പൊക്ക നിയന്ത്രണത്തിനും മറ്റുമായി അണക്കെട്ടുകള്‍ നിര്‍മിച്ചിരുന്നതായും പറയപ്പെടുന്നു.
ആദ്യമായി നിര്‍മിക്കപ്പെട്ട അണക്കെട്ടിന് ചുരുങ്ങിയത് 5000 വര്‍ഷത്തെ പഴക്കമെങ്കിലുമുണ്ട്. ജോര്‍ദാനിലെ ബ്ളാക് ഡെസര്‍ട്ടിലെ ജാവ അണക്കെട്ടാണിത്. ബി.സി 3000നും 4000നും ഇടയിലാണ് ഇത് നിര്‍മിക്കപ്പെട്ടതെന്നാണ് അനുമാനം. ഇതിന്‍െറ അവശിഷ്ടങ്ങള്‍ ആ  രാജ്യത്തെ പുരാവകുപ്പിന്‍െറ കീഴില്‍ സംരക്ഷിക്കപ്പെട്ടിരിക്കുകയാണ്.
ബി.സി 2950-2750 കാലഘട്ടത്തില്‍ നിര്‍മിച്ച ഒരു അണക്കെട്ടിന്‍െറ അവശിഷ്ടങ്ങള്‍ ഈജിപ്തിലെ കൈറോയില്‍ കണ്ടെടുത്തിട്ടുണ്ട്. ‘വിഗ്രഹാരാധകരുടെ അണക്കെട്ട്’ എന്നാണ് പുരാവസ്തു ഗവേഷകര്‍ ഇതിനെ നാമകരണം ചെയ്തിരിക്കുന്നത്.
ഇന്ന് കാണുന്ന അണക്കെട്ടുകളുടെ നിര്‍മിതിയോട് ഏറെ സാദൃശ്യമുള്ള അണക്കെട്ടുകള്‍ ആദ്യമായി നിര്‍മിച്ചത് പേര്‍ഷ്യക്കാരാണെന്നാണ് കരുതുന്നത്. ബഗ്ദാദിലെ നംറൂദ് അണക്കെട്ടും യമനിലെ മആരിബ് അണക്കെട്ടുമെല്ലാം  ഇതിന് ഉദാഹരണങ്ങളാണ്.  ടൈഗ്രീസ് നദിക്ക് കുറുകെയുള്ള നംറൂദ് അണക്കെട്ട് ബി.സി2000ത്തിലാണ് നിര്‍മിച്ചത്. മആരിബിന് കേവലം 2000 വര്‍ഷത്തെ പഴക്കമാണ് കണക്കാക്കിയിട്ടുള്ളത്.

കേരളവും ഊര്‍ജവും
**************

 വൈദ്യുതിയുടെ കണ്ടുപിടിത്തമാണ് നാമിന്ന് കാണുന്ന സകല പുരോഗതിയുടെയും മൂലകാരണം. കേരളവും വളരെ പുരോഗമിച്ചു. എങ്കിലും ഊര്‍ജക്ഷാമം ഇന്നനുഭവിക്കുന്ന പ്രധാന പ്രതിസന്ധിയാണ്. ജലവൈദ്യുതിയാണ് നാം പ്രധാനമായും ഉല്‍പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും. താപ-ഡീസല്‍ വൈദ്യുത നിലയങ്ങളും കാറ്റാടി, സൗരോര്‍ജം എന്നീ പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളും നാം വിനിയോഗിക്കുന്നു. എങ്കിലും കേരളം ഒരു വൈദ്യുതി കമ്മി സംസ്ഥാനമാണ്. ഉല്‍പാദനത്തിന്‍െറ കുറവു കാരണം പലപ്പോഴും പവര്‍കട്ടും വൈദ്യുതി വിലവര്‍ധനയും ഏര്‍പ്പെടുത്തേണ്ടിവരുന്നു.
കേന്ദ്രപൂളില്‍നിന്നു വൈദ്യുതി
കേരളത്തിനാവശ്യമായ വൈദ്യുതി നമുക്കിവിടെ ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍, ഈ വൈദ്യുതിക്കമ്മി നാം നികത്തുന്നത് കേന്ദ്രപൂളില്‍നിന്നു ലഭിക്കുന്ന വൈദ്യുതിയുടെ സഹായത്താലാണ്. താപവൈദ്യുതി നിലയങ്ങളില്‍നിന്നുമാണ് കേരളത്തിന് വൈദ്യുതി ലഭിക്കുന്നത്. ആ കേന്ദ്രങ്ങളില്‍ ഉല്‍പാദനം കുറക്കുമ്പോള്‍ അത് കേരളത്തിന്‍െറ വൈദ്യുതി നിലയെയും ബാധിക്കുന്നു.  ചില ഘട്ടങ്ങളില്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്‍ തുക നല്‍കിയും വൈദ്യുതി വാങ്ങേണ്ടിവരുന്നു.
കായംകുളം
താപനിലയം
350 മെഗാവാട്ട് ശേഷിയുള്ള കായംകുളം താപനിലയത്തിന്‍െറ മൊത്തം ചെലവ് 1300 കോടി രൂപയാണ്. നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷനായിരുന്നു പണിയുടെ ചുമതല.
ദ്രവരൂപത്തിലുള്ള നാഫ്ത ഉപയോഗിച്ചാണ് ഇവിടെ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. കൊച്ചിയിലെ ഇരുമ്പനത്തുനിന്ന് തീവണ്ടിമാര്‍ഗം ചേപ്പാട്ട് എത്തിക്കുന്ന ഇന്ധനം അവിടെ സ്ഥാപിച്ചിരിക്കുന്ന 5000 കിലോ ലിറ്റര്‍ സംഭരണശേഷി വീതമുള്ള രണ്ട് ടാങ്കുകളിലാണ് നിറക്കുന്നത്. അവിടെനിന്ന് ഏകദേശം അഞ്ചര കിലോമീറ്റര്‍ അകലെയുള്ള പദ്ധതിപ്രദേശത്തുള്ള പ്ളാന്‍റിലേക്ക് പൈപ്പ് ലൈന്‍ വഴി ഇന്ധനം എത്തിക്കുന്നു.
ടര്‍ബൈന്‍, ജനറേറ്റര്‍ എന്നിവ മൂവായിരം ആര്‍.പി.എമ്മില്‍ (ഒരു മിനിറ്റിലെ കറക്കം) കറങ്ങുമ്പോഴാണ് വൈദ്യുതി ഉല്‍പാദനം നടക്കുന്നത്.
കെ.ഇ.ആര്‍.എ
കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷന്‍ ആക്ട് 1998 പ്രകാരം 2003 ജൂണ്‍ 10നാണ് കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷന്‍ നിലവില്‍ വന്നത്. സംസ്ഥാനത്ത് വൈദ്യൂതി ഉല്‍പാദനം, വിതരണം, താരിഫ് നിര്‍ണയം, വൈദ്യുതി വാങ്ങല്‍, ശേഖരിക്കല്‍, വൈദ്യുതിയുടെ അന്തര്‍ സംസ്ഥാന പ്രസരണം തുടങ്ങിയവ നിയന്ത്രിക്കുന്നത് ഈ അതോറിറ്റിയാണ്.

കേരളത്തിലെ ജലവൈദ്യുത നിലയങ്ങള്‍
*****************************
പള്ളിവാസല്‍: കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി. 1933 ഫെബ്രുവരി 18ന് തിരുവിതാംകൂര്‍ ഗവണ്‍മെന്‍റ് അംഗീകാരം നല്‍കി. 1940ല്‍ പൂര്‍ത്തിയായി. ഇടുക്കി ജില്ലയിലെ മുതിരപ്പുഴയിലെ ജലം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു.
ചെങ്കുളം: പള്ളിവാസല്‍ പദ്ധതിയോടനുബന്ധിച്ച് സ്ഥാപിച്ചു. പള്ളിവാസല്‍ പദ്ധതിയില്‍നിന്ന് ഉല്‍പാദനം കഴിഞ്ഞ് പുറത്തുകളയുന്ന വെള്ളം പ്രധാനമായും ഉപയോഗിക്കുന്നു. 1954ല്‍ പ്രവര്‍ത്തനം തുടങ്ങി.
നേര്യമംഗലം: ഇടുക്കിയിലെ ചെങ്കുളം, പന്നിയാര്‍ പദ്ധതികളിലെയും മുതിരപ്പുഴയിലെയും ജലം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. 1961ല്‍ ഉദ്ഘാടനം ചെയ്തു.
പന്നിയാര്‍: മുതിരപ്പുഴയുടെ പോഷക നദിയായ പന്നിയാറില്‍ രണ്ട് അണകള്‍ കെട്ടിയാണ് പദ്ധതിക്ക് വേണ്ട ജലം ശേഖരിച്ചിരിക്കുന്നത്. 1963ല്‍ ഉദ്ഘാടനം.
ശബരിഗിരി: പത്തനംതിട്ടയിലെ മൂഴിയാറില്‍ പമ്പ, കക്കി നദികളിലെ ജലം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. 1966 മുതല്‍ വൈദ്യുതി ഉല്‍പാദനം നടക്കുന്നു.
ഷോളയാര്‍: 1966 മെയ് 9ന് ഉല്‍പാദനം ആരംഭിച്ചു. ഷോളയാറില്‍ അണകെട്ടി വെള്ളം സംഭരിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്.
കുറ്റ്യാടി: മലബാറിലെ ജലവൈദ്യുത പദ്ധതി. 1972ല്‍  ഉദ്ഘാടനം. കുറ്റ്യാടിപ്പുഴയില്‍ അണകെട്ടി ജലം സംഭരിക്കുന്നു.
ഇടുക്കി: കേരളത്തിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി. 1976 ഫെബ്രുവരി 12ന് ഉല്‍പാദനം തുടങ്ങി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പത്ത് ആര്‍ച്ച് ഡാമുകളില്‍ ഒന്ന്.
ഇടമലയാര്‍: 1987 ഫെബ്രുവരി മൂന്നിന് ഉല്‍പാദനം ആരംഭിച്ചു. പെരിയാറിന്‍െറ പോഷകനദിയായ ഇടമലയാറില്‍ അണക്കെട്ട്.
കക്കാട്: 1999 ഏപ്രില്‍ 10ന് പ്രവര്‍ത്തനം ആരംഭിച്ചു. പത്തനംതിട്ട ജില്ലയില്‍ ശബരിഗിരി പദ്ധതിയില്‍ നിന്നുള്ള ജലം ഉപയോഗിക്കുന്നു.
ലോവര്‍ പെരിയാര്‍: ഇടുക്കിയിലെ നേര്യമംഗലം പദ്ധതിയില്‍ നിന്നുള്ള ജലം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. 1977ല്‍ ഉദ്ഘാടനം.
കൊല്ലം ജില്ലയിലെ കല്ലട മിനി, തിരുവനന്തപുരം ജില്ലയിലെ പേപ്പാറ, ഇടുക്കിയിലെ മാട്ടുപ്പെട്ടി, തൃശൂരിലെ പെരിങ്ങല്‍ക്കുത്ത് ഇടതുകര എക്സ്റ്റന്‍ഷന്‍, പാലക്കാട്ടെ മലമ്പുഴ, കോഴിക്കോട്ടെ ഉറുമി, ചെമ്പുകടവ് തുടങ്ങിയവ ചെറുകിട ജലവൈദ്യുത നിലയങ്ങളാണ്.

ഒരു നാട് വികസിക്കുമ്പോള്‍ മറ്റെന്തിനെയും പോലെ വൈദ്യുതിയുടെ ഉപഭോഗവും വര്‍ധിക്കും മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ വികസനത്തിന് വൈദ്യുതി ആവശ്യമാണ് താനും. ഈ സാഹചര്യത്തില്‍ വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള വഴികളെക്കുറിച്ച് ഇനിയും ഏറെ ഗൌരവപൂര്‍ണ്ണമായ ആലോചനകള്‍ നടക്കേണ്ടത്‌ ആവശ്യമാണ്‌.
കേരളം ഇപ്പോള്‍ ആവശ്യപ്പെടുന്നത് ഈ ദിശയിലേക്കുള്ള ഗൗരവമായ ചര്‍ച്ചകളും ഭാവനാപൂര്‍ണമായ നടപടികളുമാണ്. പരമ്പരാഗത കാഴ്ചപ്പാടുകളും ആശയങ്ങളും മാറ്റിവെച്ചുകൊണ്ട് കേരളത്തിന്റെ വികസനത്തിന് അനുയോജ്യമായ പദ്ധതികള്‍ കണ്ടെത്താനും അത് സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുമുള്ള ശ്രമങ്ങളാണ് ഇന്ന് കേരളം ആവശ്യപ്പെടുന്നത്.
പ്രകാശ പൂരിതവും ചലനാത്മകവുമായ കേരളമാകട്ടെ ഓരോ മലയാളിയുടെയും  സ്വപ്നം ...
             ***************