Saturday, 2 November 2013

ഭാഷ ..ഇന്നലെ ഇന്ന് നാളെ

ഒരു ജനതയെ ചരിത്രത്തിലും സംസ്‌ക്കാരത്തിലും രേഖപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കാണ്‌ ഭാഷ നിര്‍വ്വഹിക്കുന്നത്‌. 
നൂറു കൊല്ലം കഴിഞ്ഞാല്‍ മലയാളഭാഷ എങ്ങനെയിരിക്കുമെന്ന്‌ ആര്‍ക്കും പ്രവചിക്കാനാവില്ല. കാലം അതിനെ മറ്റൊരു ഭാഷയാക്കി മാറ്റാം. കാരണം, ഇപ്പോള്‍ തന്നെ എത്ര വ്യത്യസ്ഥമായിട്ടാണ്‌ കേരളത്തിലെ ഓരോ പ്രദേശത്തും നാം ഈ ഭാഷ ഉപയോഗിച്ചു വരുന്നത്‌. കാണക്കാണെ എന്തൊക്കെ മാറ്റങ്ങള്‍ വരുന്നു ! ഇനി എന്തൊക്കെ മാറ്റങ്ങള്‍ തലമുറകള്‍ മറിവരുമ്പോള്‍ ഉണ്ടായിക്കൂടാ? മൂല്യവിചാരങ്ങളിലൂടെയും കാലാനുസൃതമായ നവീകരണത്തിലൂടെയുമാണ്‌ ഭാഷയുടെ ജീവനും തനിമയും നിലനില്‍ക്കുന്നത്‌.
മലയാളത്തിന്റെ നന്മകള്‍ എണ്ണിയാല്‍ തീരില്ല. മഹാശയന്മാരും ഗുരുക്കന്മാരും ഈ ഭാഷയുപയോഗിച്ച്‌ നമ്മെ വഴി നടത്തിയിട്ടുണ്ട്‌. കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങിയും കാഞ്ചനകാഞ്ചി കുലുക്കിയും പ്രതിഭാധനന്മാര്‍ നല്‍കിയ നൂറുനൂറു ചന്തങ്ങള്‍ ചാര്‍ത്തിയും അഴക്‌ ഒരുടലാര്‍ന്നതുപോലെയെന്ന്‌ ചങ്ങമ്പുഴ വിശേഷിപ്പിച്ച മലയാള കവിത നമ്മുടെ നെഞ്ചകങ്ങളിലും പൊന്‍ചിലങ്ക കിലുക്കി ചുവടുകള്‍ വെക്കുന്നു.
മാതൃഭാഷാ പഠനത്തോട്‌ പുറംതിരിഞ്ഞു നില്‍ക്കുന്നത്‌ `സ്വന്തം വീട്ടില്‍ പ്രവേശിപ്പിക്കുന്ന അന്യന്‌ അമിത സ്വാതന്ത്ര്യം അനുവദിച്ചാല്‍ നീ അന്യനാകും' എന്ന വേദവാക്യത്തിനു സമമാണ്‌. സ്വദേശവത്‌ക്കരണം സ്വപ്‌നം കണ്ട ഗാന്ധിജിയുടെ നാട്ടില്‍ സായിപ്പിന്റെ ഭാഷയെ അമിതമായി പോഷിപ്പിച്ചതുമൂലമാണ്‌ സ്വന്തം ഭാഷക്ക്‌ ഈ ഗതികേടുണ്ടായതെന്ന സാരം. മുലപ്പാലിനൊപ്പം ആംഗലേയഭാഷയും കുഞ്ഞുങ്ങള്‍ക്ക്‌ പകര്‍ന്നകൊടുക്കുന്ന മലയാളി മാതൃഭാഷ ഉച്ചരിക്കാനുള്ള അവരുടെ അവകാശത്തെ ജന്മനാ കൊല ചെയ്‌തു. ഇതുവഴി സ്വതന്ത്രമായി ചിന്തിക്കാനുള്ള അവന്റെ സര്‍ഗവാസനകളെ ശൈശവ വേളയില്‍ത്തന്നെ ചങ്ങലക്കിടുന്നു. കുഞ്ഞുങ്ങളെ പാരതന്ത്ര്യത്തിന്റെ തടവറയിലാകുന്ന ചൂഷകരുടെ താളത്തിനൊത്തു തുള്ളുന്ന പാവകളായിത്തീരുന്നു നാം.
ജനതയുടെ സ്വത്വത്തിന്റെയും സാംസ്‌കാരിക പാരമ്പര്യത്തിന്റെയും മുഖമുദ്രയായ മാതൃഭാഷയ്‌ക്കു ശ്രേഷ്‌ഠ ഭാഷാപദവി ലഭിക്കുമ്പോള്‍ അഭിമാന പ്രചോദിതരാകാത്തവരില്ല. അത്തരത്തില്‍ മലയാളികളുടെ അന്തരംഗം ഇന്ന്‌ അഭിമാനപൂരിതമായിരിക്കുകയാണ്‌. ഇതിലൂടെ മലയാളത്തിന്റെ സംസ്‌കൃതിയാണ്‌ ആദരിക്കപ്പെട്ടത്‌. മലയാള ഭാഷയ്‌ക്ക്‌ ശ്രേഷ്‌ഠ ഭാഷാ പദവി നല്‍കിക്കൊണ്ട്‌ കേന്ദ്ര മന്ത്രിസഭായോഗം െകെക്കൊണ്ട തീരുമാനത്തിലൂടെ ഭാഷയുടെ മാഹാത്മ്യം അംഗീകരിക്കപ്പെട്ടുവെന്നതല്ല നമുക്കു െകെവന്ന നേട്ടം. മലയാളഭാഷയുടെ പരിപോഷണത്തിനായി വിപുലമായ കേന്ദ്രസഹായമാണു ലഭിക്കുക. മലയാളത്തിനായി ദേശീയ പഠനകേന്ദ്രം ഉണ്ടാകും.
മലയാള ഭാഷയുടെ വളര്‍ച്ചയ്‌ക്കും ഉയര്‍ച്ചയ്‌ക്കും ഈ പദവി ലബ്‌ധിയെ പ്രായോഗികമായി ഉപയോഗിക്കുക എന്നതാണ്‌ ഇനി ചെയ്യേണ്ടത്‌. ഭാഷാ വിദഗ്‌ധരുമായി ആലോചിച്ച്‌ സാംസ്‌കാരിക വകുപ്പ്‌ ആവശ്യമായതെല്ലാം ചെയ്യണം. പദവി ലഭിച്ചതിന്റെ അടിസ്‌ഥാനത്തില്‍ ഭാഷാ വികസനത്തിനും ഗവേഷണത്തിനുമായി നൂറുകോടി രൂപയോളം രൂപ കേന്ദ്രം നല്‍കും. ശ്രേഷ്‌ഠ ഭാഷാ പഠനത്തിനായി മികവിന്റെ കേന്ദ്രം തുടങ്ങാനും സഹായം ലഭിക്കും. സര്‍വകലാശാലകളില്‍ മലയാളം ചെയര്‍ തുടങ്ങും. മലയാള ഭാഷയിലെ ലേഖനങ്ങള്‍ക്കും പഠനത്തിനുമായി പ്രതിവര്‍ഷം രണ്ട്‌ രാജ്യാന്തര പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തും. എല്ലാ മലയാളികള്‍ക്കും എക്കാലവും അഭിമാനിക്കാവുന്ന ഈ നേട്ടം 
ഭാഷയുടെ ഉന്നമനത്തിനും സംസ്‌കൃതിയുടെ ഉത്തേജനത്തിനും ഉപകരിക്കട്ടെ
ലോകത്തിന്റെ സമസ്‌ത സൗന്ദര്യങ്ങളും ഉള്‍ക്കൊണ്ട്‌ പ്രശോഭിക്കുന്ന കേരളീയ സംസ്‌ക്കാരത്തിന്റെ പ്രോജ്ജ്വല പാരമ്പര്യം സംരക്ഷിക്കാന്‍ ഭാഷയുടെ നിലനില്‌പും വളര്‍ച്ചയും അനിവാര്യമാണ്‌.. തലമുറകളെ പ്രകാശത്തിലേക്ക്‌ നയിക്കാന്‍ വിധിക്കപ്പെട്ട ഭാഷയും സംസ്‌ക്കാരവും കൈവിട്ടുപോകുന്നത്‌ നിസ്സംഗതയോടെ നോക്കി നില്‍ക്കാന്‍ നമുക്കാവില്ല. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അസ്‌തമിക്കമെന്ന്‌ കണക്കുകൂട്ടുന്ന ഭാഷകളില്‍ പെട്ടുപോകാതെ നമ്മുടെ പ്രിയ മലയാളത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഓരോ മലയാളിയുടേതുമാണ്‌....

No comments:

Post a Comment